പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളും ഭാരതീയ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും നിരവധി സാഹിത്യരൂപങ്ങള്‍ ഭാരതീയ ഭാഷകളിലേയ്ക്കു കടന്നുവന്നു. ചെറുകഥ, നോവല്‍, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം എന്നിങ്ങനെ ആ നിര നീണ്ടുപോകുന്നു. ആധുനികരീതിയിലുള്ള പള്ളിക്കൂടങ്ങളും അവയിലൂടെ പ്രചരിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടര്‍ന്നുണ്ടായ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുമെല്ലാമാണ് ഇത്തരം ഒരു വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്.
നമ്മുടെ മാതൃഭാഷയായ മലയാളവും ഈ മാറ്റത്തില്‍ നിന്നും മുഖം തിരിച്ചുനിന്നില്ല. ഇവിടെയും അതേ കാലഘട്ടത്തില്‍ തന്നെ ചെറുകഥ, നോവല്‍, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം തുടങ്ങിയ ആധുനിക സാഹിത്യരൂപങ്ങള്‍ രൂപം കൊള്ളുകയും വളര്‍ച്ചപ്രാപിക്കുകയും ചെയ്തു. ഈ സാഹിത്യരൂപങ്ങളില്‍ പലതും കാലക്രമത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ചിലതെല്ലാം അസ്തമിച്ചുപോവുകയും ചെയ്തു. അക്കൂട്ടത്തില്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പൂര്‍ണ്ണ പ്രഭാവത്തോടുകൂടി നിലനിന്നുപോരുന്ന ഒരു സാഹിത്യരൂപമാണ് ചെറുകഥ.
മലയാളത്തില്‍ ആദ്യമായി നാം ഇന്നു വിവക്ഷിക്കുന്ന തരത്തിലുള്ള ചെറുകഥയെഴുതിയത് കേസരി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കുഞ്ഞിരാമന് നായനാരാണ്. വാസനാവികൃതി ആയിരുന്നു ആ കഥ. പാത്രസ്വഭാവപ്രധാനവും കര്‍മ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നര്‍മ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണ് വാസനാവികൃതി. ദ്വാരക, മേനോക്കിയെ കൊന്നതാരാണ്?, മദിരാശിപ്പിത്തലാട്ടം, പൊട്ടബ്ഭാഗ്യം, കഥയൊന്നുമല്ല എന്നിവ കേസരിയുടെ ചില രചനകളാണ്. സംവൃതമായ ഹാസ്യവും മാറിവരുന്ന സാമൂഹിക ചുറ്റുപാടുകളെ സഹിഷ്ണുതയോടെ ആവിഷ്കരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ അനന്യമാക്കുന്നു. മലയാളത്തിന്റെ മാര്‍ക് ട്വയിനായാണ് ഉള്ളൂര്‍ കുഞ്ഞിരാമന് നായനാരെ വിശേഷിപ്പിച്ചിരിക്കുന്നത്.
teaching malayalam blog is a great idea!
മറുപടിഇല്ലാതാക്കൂplease carry on......
വളരെ നന്ദി കേസരിയെ കുറിച്ചുള്ള ഭാഗം പറഞ്ഞു തന്നതിന്..അതൊരു പുതിയ വിജ്ഞാനം ആയിരുന്നു.
മറുപടിഇല്ലാതാക്കൂ--